ഭ്രാന്ത്‌: ചികില്‍സ വേണ്ടത് സന്തോഷ്‌ പണ്ഡിറ്റിനോ അതോ അയാളെ സൃഷ്ടിച്ച പ്രേക്ഷകര്‍ക്കോ?

on Saturday 12 November 2011
(സ്വന്തം സൌന്ദര്യം മാത്രം ആസ്വദിച്ചു, പൊയ്കയില്‍ വീണു മരിച്ച നാര്‍സിസ്സസിന്റെ മരണ ശേഷം, പൊയ്കയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട വനദേവത, കണ്ണീര്‍ വാര്‍ക്കുന്ന പൊയ്കയോട് ചോദിച്ചു: നാര്‍സിസ്സസ് സുന്ദരനായിരുന്നോ? ഒരു നിമിഷത്തെ മൌനത്തിനു ശേഷം പൊയ്ക മറുപടി പറഞ്ഞു: "ഞാന്‍ നാര്‍സിസ്സസിനെയോ അയാളുടെ സൌന്ദര്യത്തെയോ ശ്രദ്ധിച്ചിരുന്നില്ല, പൊയ്കയിലേക്ക് നോക്കിക്കൊണ്ടിരുന്ന അയാളുടെ കണ്ണുകളുടെ അഗാധ നീലിമയില്‍ , ഞാന്‍ എന്റെ തന്നെ പ്രതിബിംബം ആസ്വദിക്കുകയായിരുന്നു, എന്നും."  - Paulo Coelho, The Alchemist)




പണ്ഡിത ചരിതങ്ങള്‍ക്ക് വിരാമമില്ല!. ഇന്നലെ മനോരമ ന്യൂസിന്റെ 'നിയന്ത്രണ രേഖ' എന്ന പരിപാടിയില്‍ പങ്കെടുത്തു സന്തോഷ്‌ പണ്ഡിറ്റ്‌ 'താനാണ് സൂപ്പര്‍ സ്റ്റാര്‍ ' എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്ത നടന്‍ ബാബുരാജും ടീമും അയാളുടെ മേല്‍ കുതിര കയറാനാണ് ശ്രമിച്ചത്‌. എന്നാലും ആ പരിപാടിയിലെ ഒരു കമന്റ് പരിഗണനയര്‍ഹിക്കുന്നു. ഒന്ന് ബാബുരാജിന്റെതാണ്. പരിപാടിയിലെത്തിയ ഡോക്ടറോട് 'സാറേ ഇയാള്‍ക്ക് ഭ്രാന്താണോ?' എന്നാണ് ചോദിച്ചത്.

സന്തോഷ്‌ പണ്ഡിറ്റിനെ സൃഷ്ടിച്ച പ്രേക്ഷകരും ഭ്രാന്തും.
അറിയാതെ സംഭവിച്ചതാണെങ്കിലും, സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രേക്ഷകരുടെ യഥാര്‍ത്ഥ പരിചേദം ആ പരിപാടിയില്‍ പങ്കെടുത്തവരിലുണ്ടായിരുന്നു. ഒരു വിഭാഗം സന്തോഷ്‌ പണ്ഡിറ്റിനു ഭ്രാന്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും, അയാളെ തെറിവിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. നടന്‍ ബാബുരാജ് ഇവരില്‍ പെടുന്നു. മറ്റൊരു വിഭാഗം അയാളെ പരിഹസിക്കുകയും, പുകഴ്ത്തലെന്ന വ്യാജേന  അപഹസിക്കുകയും ചെയ്യുന്നവരാണ്. സംവിധായകന്‍ നിഷാദ്‌ ഇക്കൂട്ടരില്‍ പെടുന്നു.  ഇക്കൂട്ടരാണ്, അയാളുമായുള്ള മൊബൈല്‍ സംഭാഷണങ്ങള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്.

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രേക്ഷകരെക്കുറിച്ച് ഉയര്‍ന്നു വന്ന വാദഗതികള്‍ പ്രധാനമായും രണ്ടാണ്.
1.  ഇത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചയില്‍ നിന്നും ഉടലെടുത്ത പ്രതിഷേധമാണ്.
2. ആളുകള്‍ അയാളെ തെറി വിളിക്കാന്‍ വേണ്ടി മാത്രം കയറുന്നതാണ്.

ആരാണ് യഥാര്‍ത്ഥത്തില്‍ അയാളുടെ സിനിമയ്ക്ക് കയറിയത്? നിലവാരമുള്ള സിനിമകള്‍ ആഗ്രഹിക്കുന്നവരാണോ? യഥാര്‍ത്ഥത്തില്‍ അല്ല. യൂട്യൂബിലും മറ്റുമുള്ള അയാളുടെ വീഡിയോകള്‍ കണ്ടിട്ട് അതിനടിയില്‍ തെറികള്‍ എഴുതി അതില്‍ മതിവരാത്തവരാണ് തീയേറ്ററുകളില്‍  അതൊരു ആഘോഷമാക്കി മാറ്റിയത്.   ഇക്കൂട്ടരാണ് താരങ്ങളെ സൃഷ്ടിച്ചു വിഗ്രഹാരാധന നടത്തുന്നത്, എതിരാളിയുടെ പടങ്ങള്‍ കൂവിത്തോല്പ്പിക്കുന്നത്.  ഒരുത്തനെ തെറിവിളിച്ചത്തിലൂടെ കിട്ടുന്ന സാഡിസ്റ്റിക്  ആനന്ദത്തിനു വേണ്ടി അമ്പതു രൂപ മുടക്കാന്‍ തയ്യാറായ ഇവര്‍ , കേരളത്തിലെ അഭ്യസ്തവിദ്യരായ  യുവാക്കളുടെ പ്രതിനിധികളാണെന്ന് ഓര്‍ക്കണം. അപകടകരമാം വിധം കേരള സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പുരുഷാധിപത്യ (male chauvinistic) മനോഭാവത്തിന്റെ നേര്‍ വക്താക്കളാണിവര്‍ . സന്തോഷ്‌ പണ്ഡിറ്റിനാണോ, ഇവര്‍ക്കണോ യഥാര്‍ത്ഥത്തില്‍ ഭ്രാന്ത്?

ഇക്കൂട്ടരാണ് സിനിമാരംഗത്തെ മാടമ്പിമാരായും, രാഷ്ട്രീയ രംഗത്തെ നാക്കിനെല്ലില്ലാത്ത ഗുണ്ടാ സംഘമായും, സിനിമാശാലകളിലെ കൂവല്‍ തൊഴിലാളികളായും  നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. ഒന്നുകൂടി പറഞ്ഞാല്‍ , സൗമ്യയെ കൊന്ന ഗോവിന്ദ ചാമിയും, പെരുമ്പാവൂരില്‍ പോക്കറ്റടിക്കാരനെന്നാക്ഷേപിച്ചു ഒരു പാവപ്പെട്ട മനുഷ്യനെ മര്‍ദ്ദിച്ചു കൊന്നവരും, സൈരാ ബാനുവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട സദാചാര പോലീസും ഇവരാണ്.  അപകടകരമാം വിധം കേരളത്തില്‍ പെരുകുന്ന സ്ത്രീ പീഡനങ്ങളുടെയും ബലാല്‍സംഗക്കേസുകളുടെ പിറകിലുള്ളതും ഇതേ മനോഭാവമുള്ളവരാണ്.  സന്തോഷ്‌ പണ്ഡിറ്റിനല്ല,  ഇവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചികിത്സ വേണ്ടത്.

             ഇനി സന്തോഷ്‌ പണ്ഡിറ്റിന്റെയും മറ്റുള്ളവരുടെയും കമന്റുകള്‍ക്ക് മാറി മാറി കയ്യടിച്ചവര്‍ ! അവരാണ് സൌമ്യയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ . കണ്മുന്നില്‍ അനീതി നടക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ, എന്ത് ചെയ്യണമെന്നറിയാതെ confused ആയി നിന്നവര്‍ ! രഘുവിനെ തല്ലിക്കൊല്ലുമ്പോള്‍ കണ്ടിട്ടും മിണ്ടാതെ നിന്നവരും ഇവരാണ്.
     
            അതിനാല്‍ , സന്തോഷ്‌ പണ്ഡിറ്റിനു ഭ്രാന്തുണ്ടെങ്കിലും, ഇല്ലെങ്കിലും അയാളേക്കാള്‍ പതിന്മടങ്ങ്‌ ചികിത്സ ആവശ്യപ്പെടുന്നത് അയാളെ സൃഷ്ടിച്ച സമൂഹത്തിനാണ്.

             പണ്ഡിറ്റിനെ കാത്തിരിക്കുന്നത് ഒരു പക്ഷെ ദുരന്തമായിരിക്കാം. സ്വന്തം സൌന്ദര്യം മാത്രം നോക്കി പൊയ്കയില്‍ മുങ്ങിമരിച്ച നാര്‍സിസ്സസിനെ പോലെ അയാളും വിസ്മൃതിയിലാണ്ടു പോയേക്കാം. അതിബുദ്ധിമാന്മാര്‍ പോലും ചൂഷണം ചെയ്യപ്പെടുന്ന ഇവിടെ, അയാളെ ചൂഷണം ചെയ്യാന്‍ ചൂഷകര്‍ അവതരിച്ചേക്കാം. എന്നിരുന്നാലും,   കേരളത്തില്‍ സിനിമയില്ലതാവുകയാണെങ്കില്‍ ,  അതിനു കാരണം സന്തോഷ്‌ പണ്ഡിറ്റ്‌  ആയിരിക്കില്ല.  വിലക്കുകളിലൂടെയും, നിസ്സഹകരണങ്ങളിലൂടെയും, ദുഷ് പ്രഭുത്വത്തിലൂടെയും സിനിമാ രംഗത്തെ മാടമ്പിമാര്‍ തോണ്ടിയ ശവക്കുഴിയായിരിക്കും അത്.  പണ്ഡിറ്റ് ഒരു രോഗമല്ല, ഒരു ലക്ഷണം മാത്രമാണ്. സമൂഹത്തിന്റെ മൂടിവച്ച അപചയങ്ങള്‍ തുറന്നു കാണിക്കാനായി സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി. സന്തോഷ്‌ പണ്ഡിറ്റ് അന്തി ക്രിസ്തുവാണെങ്കില്‍ , ഓര്‍ക്കുക, സുരഭില സുന്ദരമായ ഒരു സമൂഹത്തെ നശിപ്പിക്കാനല്ല അന്തിക്രിസ്തു അവതരിക്കുന്നത്. മറിച്ച്, ഇതിനകം തന്നെ നശിച്ചു കഴിഞ്ഞ സമൂഹത്തിന്റെ സൂചനയായിട്ടാണ്. ശുഭം!.

         


                                         
Blogography

  1. ചലച്ചിത്ര മൃഗയാ വിനോദം | ബെര്‍ളിത്തരങ്ങള്‍
  2. മനുഷ്യമൃഗങ്ങളുടെ വേട്ടമൃഗം | ബെര്‍ളിത്തരങ്ങള്‍
  3. Feel good factor for degenerates| Nishad Kaippally
  4. ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം|Nalamidam


Update(14/11/2011): ചില കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടെങ്കിലും, ഏറെ പ്രസക്തനെന്നു ഞാന്‍ വിശ്വസിക്കുന്ന സിനിമാ നിരൂപകനാണ് malayala.am-ലെ ബോറിസ് (അബൂ)ബക്കര്‍ . സന്തോഷ്‌ പണ്ഡിറ്റിനെയും അദ്ദേഹത്തിന്‍റെ സിനിമയെയും കുറിച്ച് അദ്ദേഹത്തിന്‍റെ നാല് ഭാഗങ്ങളായ ഒരു വിശകലനം താഴെ കൊടുത്തിരിക്കുന്നു.


  1. കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? (ഭാഗം - 2)
  2. കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌
  3. പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍
  4. കൃഷ്‌ണനും രാധയും മലയാളസിനിമയും



ശങ്കരനും മോഹനനനും (റിവ്യൂ)

on Tuesday 14 June 2011


*Caution: This review may contain spoilers.
               ഞാന്‍ പല സിനിമകളും കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കച്ചവട സിനിമകള്‍ മുതല്‍ ലോക ക്ലാസ്സിക്കുകള്‍ വരെ. പക്ഷെ, ഒരു സിനിമയും തീരെ മനസ്സിലാകാതിരുന്നിട്ടില്ല. ഇതിനു മുന്‍പ് മനസിലാകാന്‍ വളരെ വിഷമിച്ച പടം ലൂയി ബുനുവേലിന്റെ (സാല്‍വഡോര്‍ ദാലിയുടെയും) Un Chien Andalou ( An Andalusian Dog) ആണ്. എന്നാല്‍ അതിനെക്കുറിച്ച് വളരെയധികം വായിച്ച ശേഷമാണ് അത് കണ്ടത് എന്നതിനാല്‍ , എനിക്ക് എന്തൊക്കയോ കുറച്ചു മനസ്സിലായി (എന്ന് ധരിക്കുന്നു). എന്നാല്‍ 'ശങ്കരനും മോഹനനും' എന്റെ സകല ധാരണകളും തിരുത്തി. വി.കെ.എന്‍-ന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്റ്റൂള്‍ വച്ചു കാണേണ്ട പടമാണ്. പക്ഷെ പടം കാണാന്‍ ഇറങ്ങിയപ്പോള്‍ 'സ്റ്റൂളെടുക്കാന്‍' വിട്ടുപോയത് കൊണ്ട് എനിക്കൊന്നും മനസിലായില്ല.എനിക്ക് മാത്രമല്ല, തീയേറ്ററിലിരുന്ന ഭൂരിഭാഗംപേര്‍ക്കും (ഒരു പക്ഷെ, മുഴുവന്‍ പേര്‍ക്കും), എന്തെങ്കിലും മനസ്സിലായോ എന്ന് ഞാന്‍ സംശയിക്കുന്നു. കഥാസാരം ഇപ്രകാരമാണ്.


              "ശങ്കരന്‍ നമ്പ്യാരും മോഹന കൃഷ്ണനും (രണ്ടും, ജയസൂര്യ) ജ്യേഷ്റാനുജന്മാരാണ്. നാല്‍പ്പത്തഞ്ചുകാരനായ ശങ്കരന്‍ നമ്പ്യാര്‍ ഒരു സ്കൂള്‍ മാഷാണ്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ, തന്റെ ഒരു സഹപ്രവര്‍ത്തകന്റെ സുന്ദരിയായ മകളായ, രാജലക്ഷ്മിയെ (മീര നന്ദന്‍) അയാള്‍ വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹത്തിന്റെ പിറ്റേന്ന് തന്നെ പാമ്പുകടിയേറ്റ് അയാള്‍ മരിക്കുന്നു. ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അയാള്‍ക്ക്‌. അതിനാല്‍ തന്നെ, മരിച്ചു കഴിഞ്ഞ ശേഷം സഹോദരനായ മോഹനകൃഷ്ണന്റെ അടുത്ത് അയാള്‍ പ്രത്യക്ഷപ്പെടുന്നു. "താനീലോകം വിട്ടു പോയിട്ടില്ലെന്നും അത് രാജലക്ഷ്മിയെ മോഹനകൃഷ്ണന്‍ അറിയിക്കണ"മെന്നുമാണ് അയാളുടെ ആവശ്യം. ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ മോഹനകൃഷ്ണനാണെങ്കില്‍ നടിയായ ഭാര്യ 'ജ്യോത്സ്ന മാത്യു'വുമായി(റിമ കല്ലിങ്ങല്‍ ) അകന്നു കഴിയുകയാണ്. ആദ്യമൊക്കെ പേടിയോടെ ഒഴിഞ്ഞു മാറിയ മോഹനകൃഷ്ണന്‍, പിന്നീട് ജ്യേഷ്ഠന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു. ഓരോ പ്രാവശ്യവും, വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമാണ് 'ശങ്കരന്‍ നമ്പ്യാരു'ടെ വരവ്. അതില്‍ 'ഓഫീസ് പ്യൂണ്‍ ' മുതല്‍ 'ചാര്‍ളി ചാപ്ലിന്‍' വരെയും, 'തെങ്ങ് കയറ്റക്കാരന്‍' മുതല്‍ 'എസ്കിമോ' വരെയുമുണ്ട്. എത്രയൊക്കെ ശ്രമിച്ചിട്ടും ആരും മോഹനകൃഷ്ണനെ വിശ്വസിക്കുന്നില്ല, അയാളുടെ വയസ്സായ മുത്തശ്ശി ഒഴിച്ച്. അയാളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു എന്ന് മാത്രമല്ല, 'രാജലക്ഷ്മി'യുടെ വിവാഹം 'സഹദേവനു'മായി (സുധീഷ്‌) ഉറപ്പിക്കുകയും ചെയ്യുന്നു. അത് തടയാനുള്ള മോഹനകൃഷ്ണന്റെയും ശങ്കരന്‍ നമ്പ്യാരുടെയും ശ്രമങ്ങള്‍ പരാജയപ്പെടുന്നു. അതിനിടയ്ക്ക്‌ പരിചയക്കാരനായ 'ലാസറി'ന്റെ(ജഗതി ശ്രീകുമാര്‍ ) കൊലപാതകത്തിനും, ഒരു വിഷമദ്യ ദുരന്തത്തിനും മോഹനകൃഷ്ണന്‍ സാക്ഷിയാകുന്നു. അവസാനം മോഹനകൃഷ്ണന്‍ സ്വന്തം ജീവിതത്തെ കുറിച്ചോര്‍ക്കുകയും തിരിഞ്ഞു നടക്കുകയും ചെയ്യുന്നു."


               ഒറ്റനോട്ടത്തില്‍ , മരിച്ചവരോട് നമുക്ക്‌ കുറച്ചു ചുമതലകള്‍ ഉണ്ടെന്നു ഓര്‍മിപ്പിക്കുകയാണ് ഈ ചിത്രം. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുകയും മരിച്ചു കഴിയുമ്പോള്‍ വീട്ടുകാരെ കുറിച്ചോര്‍ത്തു വിലപിക്കുകയും ചെയ്യുന്ന പ്രേതങ്ങള്‍ ധാരാളമുണ്ട് ഈ ചിത്രത്തില്‍ . ഇനി എനിക്ക് മനസിലാകാതെ പോയ ചിലത്.


ആരാണ് ശങ്കരന്‍ നമ്പ്യാര്‍ ?
               എനിക്ക് തോന്നിയത് ശങ്കരന്‍ നമ്പ്യാര്‍ മോഹനകൃഷ്ണന്റെ ഉള്ളില്‍ തന്നെയുള്ള ആള്‍ട്ടര്‍ഈഗോ (alter ego) ആണെന്നാണ്. അതെങ്ങനെയാണ് ഡെവലപ്പ് (Develop) ചെയ്തത് എന്നതില്‍ മാത്രമാണ് സംശയം. സ്വന്തം ചേട്ടനോട് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ സ്നേഹം ആയിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു. എന്നാല്‍ അത് മാത്രമാണോ എന്ന് ഞാന്‍ സംശയിക്കുന്നു.കാരണം, സ്വന്തം ചേട്ടന്റെ മാത്രമല്ല, ചിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ , ഒരു വര്‍ക്ക്ഷോപ്പിന്റെ മറവില്‍ ക്വട്ടെഷന്‍ സംഘത്തെ വളര്‍ത്തുന്ന ലാസറിന്റെയും (ജഗതി), വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെയും, അക്രമത്തില്‍ കൊല്ലപ്പെട്ട സഖാവിന്റെയും പ്രേതങ്ങള്‍ മോഹനനെ വേട്ടയാടുന്നുണ്ട്‌. ഒരു വസ്തുത, ഈ പ്രേതങ്ങളാരും (ശങ്കരന്‍ അടക്കം ) സ്വാഭാവിക സാഹചര്യത്തില്‍ മരിച്ചവരല്ല എന്നതാണ്. എല്ലാവരും സ്വന്തം വീട്ടുകാരെ (അല്ലെങ്കില്‍ അവരോടുള്ള ചുമതലകളെ) പറഞ്ഞാണ് മോഹനകൃഷ്ണനെ പിന്തുടരുന്നത്. സ്വന്തം കുടുംബത്തോടുള്ള ചുമതലകള്‍ താന്‍ നിറവേറ്റിയിരുന്നില്ല എന്ന കുറ്റബോധം മോഹനകൃഷ്ണന്റെ മനസ്സിലെവിടെയോ ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.


ശങ്കരന്‍ നമ്പ്യാരുടെ വേഷങ്ങള്‍
               മരിച്ചു കഴിഞ്ഞ ശേഷം ശങ്കരന്‍ നമ്പ്യാര്‍ മോഹനകൃഷ്ണന്റെ മുന്‍പില്‍ ഒരു 10-15 പ്രാവശ്യമെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോന്നിലും വ്യത്യസ്ത വേഷങ്ങളാണ്.ഒരു പ്രാവശ്യം 'പ്യൂണ്‍ ' ആണെങ്കില്‍ അടുത്ത പ്രാവശ്യം 'കപ്യാരാ'യിട്ട് അല്ലെങ്കില്‍ തെങ്ങുകയററക്കാരനായിട്ട്,കള്ളവാറ്റുകാരനായിട്ട്, എസ്കിമോ ആയിട്ട്, അങ്ങനെ പല വേഷങ്ങളില്‍ . വേഷം പലതായിട്ടാണെങ്കിലും ആവശ്യം ഒന്ന് തന്നെയാണ്. ഞാനീ വേഷങ്ങളെ മൊത്തമായിട്ടൊന്നു അപഗ്രഥിക്കാന്‍ നോക്കിയിട്ട് പരാജയപ്പെട്ടു. എല്ലാ വേഷങ്ങളും ഓര്‍മയില്‍ നിന്നിട്ട് വേണ്ടേ?. മറ്റൊരു കാര്യം, കള്ളവാറ്റുകാരനായി ശങ്കരേട്ടന്‍ വരുമ്പോള്‍ 'മാസ്ക്' (Mask) ധരിച്ചു നില്‍ക്കുന്ന മൂന്നു പേരെ കാണിക്കുന്നുണ്ട്. ഇവരെയാണ് (അല്ലെങ്കില്‍, അതുപോലെയുള്ള വേഷം ധരിച്ചവരെ) പിന്നീട്, സഹദേവനെ തല്ലിക്കാന്‍ ലാസര്‍ (മോഹനകൃഷ്ണന്റെ നിര്‍ദേശപ്രകാരം) അയക്കുന്നത്. അപ്പോള്‍ അവരെ ആദ്യം കാണിച്ചതിന്റെ യുക്തി എന്താണ്? പടത്തിന്റെ തുടക്കത്തില്‍ സരമാഗുവിന്റെ "The Year of the Death of Ricardo Reis" എന്ന പുസ്തകം മോഹനന്‍ വായിക്കുന്നുണ്ട്. അത് ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ടാണോ എനിക്കൊന്നും മനസിലാവാതിരുന്നത്?.


ജ്യോത്സ്നയും മോഹനകൃഷ്ണനും തമ്മിലുള്ള ബന്ധം.
              മോഹനകൃഷ്ണനും ജ്യോത്സ്നയും തമ്മില്‍ അകന്നു കഴിയുകയാണെന്ന് ആദ്യമേ പറയുന്നുണ്ട്. എന്നാലും കൊച്ചിയില്‍ വരുമ്പോള്‍ ജ്യോത്സ്നയും മോളും മോഹന്റെ കൂടെ താമസിക്കുകയും അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിക്കുകയും ചെയ്യുന്നു. (സിനിമാ നടി രേവതിയും സുരേഷ് മേനോനും അടുത്ത സുഹൃത്തുക്കളായി പിരിഞ്ഞു എന്ന് കേട്ടിട്ടുണ്ട്). അതെന്തു തരം ബന്ധം?


രാജലക്ഷ്മിയുടെ രണ്ടാം വിവാഹം.
              ഹിന്ദു മതാചാര പ്രകാരം മരണം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു മാത്രമേ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ പാടുള്ളൂ. പക്ഷെ രാജലക്ഷ്മി അതിനു മുന്‍പേ തന്നെ രണ്ടാം വിവാഹം കഴിക്കുന്നു.   
              എന്തായാലും എനിക്കൊന്നും മനസിലായില്ലെങ്കിലും, പടം ഞാന്‍ ആസ്വദിച്ചു. അതിനു നന്ദി പറയേണ്ടത് ക്യാമറ ചലിപ്പിച്ച 'പ്രദീപ്‌ നായരോ'ടും പശ്ചാത്തല സംഗീതം നിര്‍വഹിച്ച 'ഐസക് തോമസ്‌ കൊട്ടുകപ്പള്ളി'യോടുമാണ്. രണ്ടും വളരെ നന്നായിട്ടുണ്ട്. ഒരു കോമഡിയായാണ് പടം ചിത്രീകരിച്ഛതെങ്കിലും, തീയറ്ററില്‍ ചിരിയുണര്‍ത്തുന്നതില്‍ പടം പരാജയപ്പെട്ടു. ജയസൂര്യ രണ്ടു കഥാപാത്രങ്ങളും തനിക്ക് കഴിയുന്നത്ര രീതിയില്‍ ചെയ്തൊപ്പിച്ചിട്ടുണ്ട്, ശങ്കരന്‍ നമ്പ്യാരുടെ വേഷപ്പകര്‍ച്ചകള്‍ പലപ്പോഴും പ്രച്ഛന്നവേഷ മത്സരമായി പോകുന്നുണ്ടെങ്കിലും!! (എത്രയായാലും, ഏതു കഥാപാത്രം ചെയ്താലും മുഖത്ത് ഒരു ഭാവം മാത്രം വരുന്ന, പ്രിഥ്വിരാജിനേക്കാള്‍ ഭേദമാണ്). മറ്റുള്ളവര്‍ക്കാര്‍ക്കും വലിയ റോളുകളൊന്നുമില്ല. സുരാജ് വെഞ്ഞാരംമൂടിനെ ഒരു 'മനുഷ്യനാ'യി ഒരു പടത്തില്‍ കാണുന്നത് ആദ്യമായിട്ടാണ്. മീര നന്ദന്‍, റിമ കല്ലിങ്ങല്‍ , ജഗതി, കല്‍പ്പന തുടങ്ങി മെയിന്‍ സ്ട്രീം നടീ നടന്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.


                 ഈ ചിത്രം തന്റെ ആത്മാംശം ഉള്ളതാണെന്ന് ടി.വി. ചന്ദ്രന്‍ പറയുന്നു. തന്റെ ചേട്ടന്റെയും ജോണ്‍ അബ്രഹാമിന്റെയും വിയോഗത്തില്‍ നിന്നാണ് ഈ ചിത്രത്തിന്‍റെ പിറവി. എന്തായാലും, ഇടയ്ക്കിടയ്ക്ക് ജോണ്‍ അബ്രഹാമിന്റെ ഫോട്ടോ ബാക്ക്‌ഗ്രൌണ്ടില്‍ കാണിക്കുന്നുണ്ട്. അവസാനമായി, തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ പിറകില്‍ നിന്നും കേട്ട കമെന്റ് : "ടി.വി. ചന്ദ്രന്‍ എന്തിനൊക്കയോ ശ്രമിച്ചിട്ടുണ്ട്, പക്ഷെ കൈവിട്ടു പോയി".


പി.എസ് : മരണം പ്രമേയമായി വരുന്ന ടി.വി ചന്ദ്രന്റെ രണ്ടു സിനിമകളില്‍ (കഥാവശേഷന്‍, ശങ്കരനും മോഹനനും) പ്രധാന കഥാപാത്രത്തിന്റെ പേര് 'ഗോപാലകൃഷ്ണന്‍' എന്നാണ് (ഈ പടത്തില്‍ മോഹനകൃഷ്ണന്റെ മറ്റൊരു പേരാണ് 'ഗോപാലകൃഷ്ണന്‍').

ഞാന്‍ ജീവിക്കുന്നതെവിടെയാണ് ?

on Tuesday 5 April 2011



ക്രിക്കറ്റ്‌ വേള്‍ഡ്‌കപ്പ് കഴിഞ്ഞു..ധോണിയും കൂട്ടരും കപ്പടിച്ചു.. സമ്മാനക്കൂമ്പാരവുമായി സര്‍ക്കാരുകള്‍ !.. ആഹ്ലാദപ്രകടനവുമായി ആരാധകര്‍ !... എല്ലാം നല്ലത് തന്നെ..പക്ഷെ എനിക്കൊരു സംശയം! ഞാന്‍ ജീവിക്കുന്നതെവിടെയാണ്? നമുക്ക് കുറച്ചു പിറകിലേക്ക് പോകാം... ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്... ഫുട്ബോള്‍ ലോകകപ്പിലേക്ക്.. എന്തായിരുന്നു ബഹളം? ഓരോ മുക്കിലും മൂലയിലും ഫ്ലക്സ്‌ബോര്‍ഡുകള്‍ .. കൊച്ചു രാജ്യമായ ഐവറികോസ്റ്റ്‌-നു പോലും ആരാധകര്‍ ... അര്‍ജെന്റിനയും ബ്രസീലും മത്സരിക്കുമ്പോള്‍ നാട്ടില്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രതീതി... ദിനപത്രങ്ങളില്‍ ഓരോ ദിവസവും ലോകകപ്പ്‌ സ്പെഷ്യല്‍ സപ്ലിമെന്റുകള്‍ !... പലയിടത്തും ലൈവ് പ്രദര്‍ശനങ്ങള്‍ !... എല്ലായിടത്തും സംസാര വിഷയം ഫുട്ബോള്‍ ലോകകപ്പ്‌ ആയിരുന്നു.

എന്നാല്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ കേരളത്തില്‍ അത്രയും ആവേശം പകര്‍ന്നോ? ചുരുങ്ങിയത് കോഴിക്കൊട്ടെങ്കിലും! ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ഞങ്ങളുടെ നാട്ടിലെവിടെയും ഒരു ഫ്ലക്സ്‌ ബോര്‍ഡ്‌ ഉയര്‍ന്നു കണ്ടില്ല.. (ലോകകപ്പ്‌ ഫുട്ബോളിന്റെ സമയത്ത് കേരളത്തിലെ ഫ്ലക്സ്‌ ബോര്‍ഡ്‌ വ്യവസായം ഒരു മാസം കൊണ്ട് ചുരുങ്ങിയത് 100 കോടിയുടെ ബിസിനസ്‌ ചെയ്തു എന്നാണ് കണക്ക്!) ഒരു ദിനപത്രം പോലും സപ്ലിമെന്റുകള്‍ പുറത്തിറക്കിയില്ല!... ലൈവ് പ്രദര്‍ശനങ്ങള്‍ അധികമുണ്ടായില്ല... ഇന്ത്യ - ശ്രിലങ്ക ഫൈനല്‍ നടക്കുമ്പോള്‍ പോലും വീഥികള്‍ വിജനമായില്ല.. ലോകകപ്പില്‍ സ്പെയിന്‍ ജയിച്ചപ്പോള്‍ പൊട്ടിയ പടക്കം പോലും ഇന്ത്യ ഫൈനല്‍ ജയിച്ചപ്പോള്‍ പൊട്ടിയില്ല!... ഇനി ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നെന്കില്‍ പോലും, ലോകകപ്പില്‍ നിന്നും ബ്രസീലോ അര്‍ജെന്റിനയോ പുറത്തു പോയപ്പോള്‍ ഉണ്ടാക്കിയ മനോവിഷമത്തിന്റെ അടുത്തു വരുമായിരുന്നോ എന്നെനിക്ക് സംശയം ഉണ്ട്.. (ലോകകപ്പ്‌ ഫുട്ബോളിന്റെ സമയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്യുക വരെ ഉണ്ടായി!..)

എന്നാല്‍ കേരളത്തിനു പുറത്തു (ഇന്ത്യയില്‍ ) അതല്ല സ്ഥിതി എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു... ക്രിക്കറ്റ്‌ ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല... സമ്മാനകൂമ്പാരങ്ങള്‍ പെരുമഴയായി പെയ്യുന്നു.. ഫൈനലിന്റെ അന്ന് മുംബൈ ഉറങ്ങിയില്ല... ഇവിടെയോ? ഒരു പൂച്ച പോലും പ്രകടനം നടത്താന്‍ ഉണ്ടായില്ല.. കേരള സര്‍ക്കാര്‍ (നമ്മുടെ ഹനുമാന്‍ ശ്രീശാന്തിന്) ഒരു സമ്മാനം പോലും പ്രഖ്യാപിച്ചില്ല.. ഇതെല്ലാം നോക്കുമ്പോള്‍ എനിക്കൊരു സംശയം.. ഞാന്‍ ജീവിക്കുന്നതെവിടെയാണ്? ഇന്ത്യയിലോ..? അതോ കേരളത്തിലോ..?